യേശു ക്രിസ്തുവിനേയും അദ്ദേഹത്തിൻ്റെ ക്രൂശീകരണത്തെയും പുനരുത്ഥാനത്തെയും അദ്ദേഹത്തിൻ്റെ മരണത്തിലൂടെ മനുഷ്യരാശിയുടെ പുനരുത്ഥാനത്തെയും വീണ്ടെടുപ്പിനെയും പറ്റി പ്രസംഗിക്കുവാൻ ടിപിഎം പാസ്റ്റർമ്മാർക്ക് താല്പര്യമില്ല. അവരുടെ സ്വന്തം ഡിസ്നി ലാൻഡ് പ്രസംഗിക്കുവാൻ തങ്ങളുടെ എല്ലാ സമ്പാദ്യവും സമ്പത്തും ഊർജവും അവർ ഉപയോഗിക്കുന്നു. ടിപിഎമ്മിലെ ഈ ഡിസ്നിയെ ‘സീയോൻ‘ എന്ന് വിളിക്കുന്നു. അതെ, അത് അവരുടെ കുത്തകയും പൈതൃക പാരമ്പര്യവുമാണ്.
നാലാൾ കൂടുന്നിടത്തൊക്കെയും അവർ ഈ ഡിസ്നി ലാൻഡ് പ്രസംഗിക്കും. ഇത് ക്രിസ്തുവും തൻ്റെ അപ്പോസ്തലന്മാരും നടത്തിയ സുവിശേഷ ഘോഷണവുമായി പൊരുത്തപ്പെട്ടതാണോ? അതു പരിശോധിക്കാൻ ഈ ലേഖനം എഴുതുന്നു. തുടർച്ചയായ ഈ വിചിത്രങ്ങളുടെ ബോംബിടൽ മൂലം ഞാനുൾപ്പെടെ അനേകർ മാനസ്സീകമായി പീഢിക്കപ്പെട്ടു കൊണ്ടിരിക്കുന്നതിനാൽ ഈ ലേഖനം എഴുതുന്നു. ഇടംകൈയ്യും വലംകൈയ്യും തിരിച്ചറിയാത്ത അന്ധരായ അനുചര വൃന്ദങ്ങൾ ഈ പറയപ്പെടുന്ന വിശുദ്ധന്മാരിൽ കൂടി “ചുളുവിൽ” പുതിയ യെരുശലേമിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു വെച്ചിരിക്കുന്നുവെന്ന് മൂഢമായി വിശ്വസിക്കുന്നു. യെഹെസ്‌ക്കേൽ 3:20; 18:21; 33:13 അനുസരിച്ച് സത്യം അറിയിക്കാനുള്ള ഉത്തരവാദിത്വം എനിക്കും ഉണ്ട്.
ടിപിഎമ്മിൽ നിന്നുള്ള പുതു സീയോൻക്കാർ
ഒരു ഉപദേശം അപ്പോസ്തലികം എന്ന് വിളിക്കപ്പെടണമെങ്കിൽ, അത് യേശുവും അപ്പോസ്തലന്മാരും പഠിപ്പിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യേണ്ടതുണ്ട്. “സീയോൻ” യേശു ഒരിക്കലും ഉരുവിടുകയോ അപ്പൊസ്തലന്മാർ ഒരിക്കലും പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു തരി പോലും നാണമില്ലാതെ, ടിപിഎം ശുശ്രുഷകന്മാർ ഈ ഉന്നതമായ സീയോനെ പ്രഖ്യാപിക്കുന്നു. യേശുവും അപ്പോസ്തലൻമാരും സീയോൻ വിട്ടതായി അവർ കരുതുന്നു, ഏതായാലും അത് 1900 വർഷങ്ങൾക്കുശേഷം ടിപിഎം സ്ഥാപകർക്ക് വെളിപ്പെടുത്തി. “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ടു ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല; ഞാൻ എൻ്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു നിങ്ങളെ സ്നേഹിതന്മാർ എന്നു പറഞ്ഞിരിക്കുന്നു“. യോഹന്നാൻ 15:15.
യേശു ഈ സീയോനെപ്പറ്റി ഒരിക്കലും പറഞ്ഞിട്ടില്ല, ടിപിഎം പഠിപ്പിക്കുന്നതു പോലെയുള്ള അതിൻ്റെ വക്രബുദ്ധി വിട്ടുകളയുക. അപ്പോൾ ഈ വക്രത ടിപിഎമ്മിൽ എവിടെ നിന്നുവന്നു? യേശു ക്രിസ്തു ഒരിക്കൽ പോലും ഉച്ചരിക്കാത്തതും, അപ്പോസ്തലന്മാർ ഒരിക്കൽ പോലും ഉപദേശമായി പഠിപ്പിക്കാത്തതുമായ സീയോൻ, ഉപദേശം ആക്കിയതിലൂടെ വിശുദ്ധിയുടെ ആൾരൂപങ്ങളായി മാറ്റുന്നതിനോ, അഥവാ സാത്താൻ്റെ ചട്ടുകങ്ങൾ ആകുന്നതിനോ അല്ലാതെ എന്ത് പ്രയോജനം?
ബൈബിളിൽ “സീയോൻ” എന്ന വാക്ക് 168 തവണ പരാമർശിക്കുന്നുണ്ട് – പഴയനിയമത്തിൽ 161 പ്രാവശ്യം – പ്രധാനമായും സങ്കീർത്തനങ്ങൾ (40), യെശയ്യാവ് (52), യിരെമ്യാവ് (17), വിലാപങ്ങൾ (15), എന്നിവടങ്ങളിലും പുതിയനിയമത്തിൽ ഏഴു പ്രാവശ്യവും. “സീയോൻ” എന്ന പദം ബൈബിളിൽ എവിടെ കണ്ടാലും ടിപിഎമ്മിലെ വിശ്വാസികളെ അത് തങ്ങളുടെ വൈദികരുടെ പ്രത്യേക സ്ഥലമാണെന്ന് വിശ്വസിപ്പിച്ചിരിക്കുന്നു. എൻ്റെ സ്വന്തം വിശകലനത്തിൽ ആർക്കും എതിർപ്പില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വ്യക്തിപരമായ വിശ്വാസങ്ങളെയും ജീവിത വിശുദ്ധിയെയും ചോദ്യം ചെയ്യാൻ എനിക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്ന പ്രഖ്യാപനത്തോട് ഞാൻ മുൻപോട്ടു പോകാൻ ആഗ്രഹിക്കുന്നു.
അക്ഷരിക “സീയോൻ”
യെബൂസ്യരുടെ അവകാശ നഗരമായ (2 ശമൂവേൽ 5: 6 – 7) സീയോൻ കോട്ട ദാവീദ് പിടിച്ചടക്കിയ നാൾ മുതൽ “സീയോൻ” ദാവീദിൻ്റെ വാസസ്ഥലവും യെരുശലേമിലെ പ്രധാന സ്ഥലവുമായി അറിയപ്പെട്ടു. ഇതത്രെ അക്ഷരീക “സീയോൻ“. ഇസ്രായേല്യർ ദൈവത്തെ അനുസരിക്കാതിരുന്നപ്പോൾ അവർ പ്രവാസത്തിലായി. അതിനാൽ അവരുടെ സീയോൻ ഉപരോധിക്കപ്പെടുകയും ചെയ്തു. പഴയനിയമത്തിൽ സീയോൻ എന്ന് പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഇസ്രായേലിലെ ഈ അക്ഷരീക സീയോൻ ആകുന്നു. അതിന് നിത്യമായ പ്രത്യാഘാതങ്ങളില്ല.
യെശയ്യാവ് 1:8, “സീയോൻപുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.” യെശയ്യാവ് 3:16-26 വായിച്ചാൽ “യഹോവ സീയോൻപുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും” തുടങ്ങിയ അനേകം ശിക്ഷകളും ശാപങ്ങളും നിരത്തുന്നത് കാണാൻ സാധിക്കും. (സങ്കീർത്തനം 137:1-2 ഉം വായിക്കുക).
52 പ്രാവശ്യം “സീയോൻ” പരാമർശിക്കുന്ന യെശയ്യാവ് തുടങ്ങുന്നത് തന്നെ ശ്രദ്ധിക്കുക, യെശയ്യാവ് 1:1, “ആമോസിൻ്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം.” (യെഹൂദാ ജാതിയും യിസ്രായേലും ഭൂമുഖത്തു നിലനിൽക്കുന്നിടത്തോളം ഈ ദർശനങ്ങളും പ്രവചനങ്ങളും അവരുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചുരുക്കം).
യിരെമ്യാവിൻ്റെ പ്രവചനങ്ങളിൽ കൂടുതലും യിസ്രായേലിനോടുള്ള ബന്ധത്തിൽ ആണുള്ളതെന്നു തെളിയിക്കാനായി ഒരു വാഖ്യം മാത്രം കുറിക്കുന്നു, യിരെമ്യാവ് 3:14, “വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ എന്നു യഹോവയുടെ അരുളപ്പാടു; ഞാനല്ലോ നിങ്ങളുടെ ഭർത്താവു; ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുത്തനെയും വംശത്തിൽ രണ്ടുപേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും.” കണ്ണുനീരിൻ്റെ പ്രവാചകനായ യിരെമ്യാവിൻ്റെ ‘വിലാപങ്ങളിൽ’ 15 പ്രാവശ്യം പറഞ്ഞിരിക്കുന്നതും അക്ഷരീക യിസ്രായേലിലെ അക്ഷരീക സീയോനെ പറ്റിയാകുന്നു. യിരെമ്യാവിൻ്റെ ചിന്ത തെളിയിക്കാനായി ഒരു ഒരു വാഖ്യം എടുക്കുന്നു, വിലാപങ്ങൾ 1:4, “ഉത്സവത്തിന്നു ആരും വരായ്കകൊണ്ടു സീയോനിലേക്കുള്ള വഴികൾ ദുഃഖിക്കുന്നു“.
യിരെമ്യാവ് 30:17-18, “അവർ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞു നോക്കാത്ത സീയോനെന്നും വിളിക്കകൊണ്ടു, ഞാൻ നിൻ്റെ മുറിവുകളെ പൊറുപ്പിച്ചു നിനക്കു ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു…….നഗരം അതിൻ്റെ കല്‌ക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.”
40 പ്രാവശ്യം രേഖപ്പെടുത്തിയിരിക്കുന്ന സങ്കീർത്തനത്തിലും ദാവീദിൻ്റെ അവകാശമായ “സീയോൻ” അക്ഷരീകമായും ആത്മീകമായും പ്രത്യാശവിഷയമായും രേഖപ്പെടുത്തി യിരിക്കുന്നത് കാണാം. ഉദാ: സങ്കീർത്തനം 84:5, “ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങിനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ടു.” 7->0 വാഖ്യം, “അവർ മേല്‌ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.”
ഭാവിയിൽ, ദൈവത്തിൻ്റെ ഭൂമിയിലെ ഭരണസ്ഥലം അതേ അക്ഷരീക സീയോൻ ആയിരിക്കും.
സെഖര്യാവ് 8:3, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിൻ്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവ്വതത്തിന്നു വിശുദ്ധപർവ്വതം എന്നും പേർ പറയും.” (യെശയ്യാവ് 2:1-4 വരെയും നോക്കുക).
ചുരുക്കത്തിൽ, പഴയനിയമത്തിൽ സീയോനെ പറ്റി പരാമർശിക്കുന്ന എല്ലാ ഭാഗങ്ങളും ദാവീദ് പിടിച്ചടക്കിയ അക്ഷരീക സ്ഥലങ്ങളാകുന്നു.
ആത്മീക സീയോൻ
പുതിയനിയമത്തിൽ കേവലം ഏഴ് പ്രാവശ്യം മാത്രം പറയുന്ന ഈ “സീയോൻ” ഒരു പ്രാവശ്യം പോലും യേശു ഉരുവിടുകയോ അപ്പോസ്തലന്മാർ ടിപിഎം പഠിപ്പിക്കുന്ന രീതിയിൽ ഇതിനെ ഉപേദശരൂപേണ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല. ടിപിഎം ഉപദേശം അജ്ഞരായ ജനങ്ങളെ അടിച്ചമർത്തുന്നതിൻ്റെ ലക്ഷണങ്ങളുള്ള ഒരു ഉന്നത ശക്തിയാകുന്നു.
ഈ പരാമർശനങ്ങളിൽ നിന്നും, പഴയനിയമ കാലത്തിലും പുതിയനിയമ കാലത്തിലും ക്രിസ്തു സഭയുടെ കർത്താവാകുന്നുവെന്ന് കാണിക്കുന്നതിന് അപ്പോസ്തലന്മാർക്ക് വളരെ എരിവുണ്ടായിരുന്നുവെന്നു മനസ്സിലാക്കാം. ഒരു മുൻലേഖനത്തിൽ പരാമർശിച്ചിരി ക്കുന്നതുപോലെ ദൈവത്തിന് വെട്ടിച്ചുരുക്കലുകളുടെ (CUTOFF PERIOD) സമയങ്ങൾ ഒന്നുമില്ല. അത് ആധുനിക വിഭജനക്കാരുടെ സൃഷ്ടിയാണ്.
യോഹന്നാൻ 12:15 ൽ ഇപ്രകാരം എഴുതിയിരിക്കുന്നു, “സീയോൻപുത്രി, ഭയപ്പെടേണ്ടാ; ഇതാ നിൻ്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.“
റോമർ 9:33, 11:26, 1 പത്രോസ് 2:6 എന്നിവടങ്ങളിൽ ഇപ്രകാരം പ്രതിപാദിക്കുന്നു. “ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു“. മത്തായി 21:5 ൽ നിന്നും ഈ പ്രസ്താവന യേശുവിനെയും യിസ്രായേലിനെയും കുറിച്ചാകുന്നുവെന്ന് മനസ്സിലാകും. എബ്രായർ 12:22 ൻ്റെ ചില ഭാഗങ്ങൾ, “പിന്നെയോ സീയോൻ പർവ്വതത്തിന്നും ജീവനുള്ള ദൈവത്തിൻ്റെ നഗരമായ സ്വർഗ്ഗീയയെരൂശലേമിന്നും” എന്ന പ്രസ്താവനയുടെ ശേഷം വരുന്ന ഭാഗങ്ങളിൽ അവിടെ കൂടിയിരിക്കുന്ന ഏറ്റവും കുറഞ്ഞത് 5 കൂട്ടക്കാർ “ദൂതന്മാർ മുതൽ സിദ്ധന്മാരായ നീതിമാന്മാർ” വരെയുള്ളതിനാൽ പ്രസ്തുത ഭാഗം ആരുടേയും കുത്തകയല്ലെന്നും പൊതുവായി പഴയനിയമ വിശുദ്ധന്മാർക്കും കൂടി അവകാശപ്പെട്ട താണെന്നും തെളിയുന്നു. അതുകൊണ്ടു തന്നെ എബ്രായർ 12:10 ൽ പറയുന്നു, “അബ്രഹാം ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.” അതുകൊണ്ട് എബ്രായർ 12:10, “അവരോ അധികം നല്ലതിനെ, സ്വർഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.”
സീയോനും പുതിയ യെരുശലേമും ഒരേ അസ്‌തിത്വത്തെ കുറിച്ചാണ് പരാമർശിക്കുന്നതെന്ന് ടിപിഎമ്മിലെ ആത്മീയ ഗുരുക്കന്മാർക്ക് മനസ്സിലാകുന്നില്ല. സീയോൻ യെരുശലേമിൻ്റെ തലസ്ഥാനമാണെന്ന് ടിപിഎം ശുശ്രുഷകന്മാർ കരുതുന്നു. എം ടി തോമസ് സീയോനെ യെരുശലേം പാർലമെൻറ് / കാബിനറ്റ് ആയും ഇതുപോലുള്ള വിഡ്ഢിത്തരമായ അർഥങ്ങളും കൊടുത്ത് വിശദീകരിക്കുന്നു. ടിപിഎം വ്യതിയാനം അറിയാൻ ഈ ലേഖനത്തിൽ ക്ലിക്ക് കേൾക്കുക.
പുരാതന ചരിത്രത്തിലെ യഹൂദ പദങ്ങൾ യഹൂദന്മാർ എങ്ങനെ മനസ്സിലാക്കുന്നുവെന്ന് അറിയേണ്ടത് പ്രധാനമാണ്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യത്യസ്ത കാഴ്ചപ്പാടുകളിൽ കാണുന്ന യെരുശലേം, സീയോൻ എന്നിവ നിങ്ങൾക്കറിയാൻ സാധിക്കും. ടിപിഎം പഠിപ്പിക്കുന്നതുപോലെ യെരുശലേമിനുളളിൽ സീയോൻ ഒരു പ്രത്യേക ഗ്രൂപ്പ് അല്ല. സാഹചര്യങ്ങൾ അനുസരിച്ചു രണ്ട് പദങ്ങളും പരസ്പരം മാറ്റത്തക്കതാകുന്നു.
അതുകൊണ്ടുതന്നെ, നിത്യതയായ സീയോനെയും യെരുശലേമെയും കുറിച്ചുള്ള പരാമർശങ്ങൾ കർത്താവിനോടുള്ള നമ്മളുടെ ആനന്ദദായകമായ ഒരു ജീവിതത്തെ സൂചിപ്പിക്കുന്നു. ഇത് ഒരു സ്ഥലമാണ്, സഭയിലെ ഭിന്നിപ്പിക്കൽ പദ്ധതികൾക്കായി ഉപയോഗിക്കരുത്. നിങ്ങളുടെ ഇടയിൽ ഭിന്നതയുണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളുക (റോമർ 16:17).
ഉപസംഹാരം
പഴയനിയമ വിശുദ്ധന്മാർക്ക് “സീയോനുമായി” യാതൊരു ബന്ധമോ അവകാശമോ ഇല്ലെന്നു വാദിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പുതിയ നിയമ “സീയോൻ” വാദികളോട് ഒരു ചോദ്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാന ങ്ങളുള്ളതുമായ വേറൊരു നഗരം ദൈവവചനത്തിൽ നിന്നും കാണിച്ചു തരാമോ?
അതുകൊണ്ട്, വെളിപ്പാട് 21:14,22 ൽ കുഞ്ഞാടിൻ്റെ മണവാട്ടിയായി പുതിയ യെരുശലേം എഴുതിയിരിക്കുന്നു. മതിലുകളാൽ നിർമ്മിതമായ നഗരത്തിന് 12 അടിസ്ഥാനങ്ങൾ ഉണ്ടെന്നും അതിൻ്റെ ഗോപുരങ്ങളിൽ 12 അപ്പോസ്തലന്മാരുടെയും പേരുകൾ കൊത്തിരയിരിക്കുന്നുവെന്നും എഴുതിയിരിക്കുന്നു. അതെ കാരണം കൊണ്ട് തന്നെയല്ലേ, സങ്കീർത്തനം 122:3-4 ൽ എഴുതിയിരിക്കുന്നത്, “തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ! അവിടേക്കു ഗോത്രങ്ങൾ, യഹോവയുടെ ഗോത്രങ്ങൾ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാൻ കയറിച്ചെല്ലുന്നു.” ഇത് വെളിപ്പാട് 21:12 ൽ വളരെ വ്യക്തമാക്കിയിരിക്കുന്നു, “അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു.”
ടിപിഎമ്മിലെ എല്ലാ വക്രതയും വെളിപ്പാട് 14:1 അടിസ്ഥാനമാക്കി ആകുന്നു, അവിടെ “സീയോൻ പർവ്വതത്തിൽ” കുഞ്ഞാടിനെയും അവനുമായി 144,000 കന്യകമാരെയും കാണാം. നാലു ജീവികളും 24 മൂപ്പന്മാരും (വാക്യം 3) കുഞ്ഞാടിനൊപ്പം നിൽക്കുന്നു. ടിപിഎം ഉപദേശം അനുസരിച്ച്, ഈ നാല് ജീവികൾ ന്യായപ്രമാണ വിശുദ്ധന്മാരും 24 മൂപ്പന്മാർ മനസ്സാക്ഷി യുഗ വിശുദ്ധന്മാരും ആകുന്നു. അതുകൊണ്ട് തന്നെ പഴയനിയമ വിശുദ്ധൻമാർ സിയോനിൽ ഉണ്ടെന്ന് നമ്മുടെ ടിപിഎം സീയോൻക്കാർ അംഗീകരിക്കണം.
ടിപിഎമ്മിലെ പ്രശ്നം ഒരേ ഭാഗം വ്യാഖ്യാനിക്കുന്നതിനായി വിവിധ മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നു എന്നതാണ്. വെളിപ്പാട് 14 ലെ പ്രതീകാത്മകമായ കുഞ്ഞാടുകളെ യേശു എന്നും ഒരു പ്രതീകാത്മക പർവ്വതത്തെ ആത്മീകമായ ഒന്നായും മാറ്റാൻ അവർക്കു കഴിയും. എന്നാൽ അവർ കന്യകയും 1,44,000 ഉം വരുമ്പോൾ അക്ഷരാര്‍ത്ഥത്തിൽ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു.
ടിപിഎം അനുസരിച്ച്, ജനങ്ങൾ യേശുവിനെ പറ്റിയുള്ള സത്യ സുവിശേഷത്തിനു പകരം “സീയോൻ” മൂലം രക്ഷിക്കപ്പെടുന്നു (ഫിലിപ്പിയർ 4:19, അപ്പൊ.പ്രവ. 20:27, 20:20, 20:30). എന്നാൽ കർത്താവും അപ്പോസ്തലന്മാരും ഈ സീയോനെ പറ്റി ഒരിക്കലും പ്രസംഗിച്ചിട്ടില്ല.
“ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ” എന്ന ദൈവീക കല്പന അനുസരിക്കുന്നതിനുള്ള വിമുഖതകൊണ്ട് (ആത്മീക നിഗളം) മറ്റുള്ളവരെക്കാൾ മികച്ചവും വിശുദ്ധരും എന്ന് കാണിക്കാനുള്ള തന്ത്രപ്പാടുകളുടെ ഹീനശ്രമമല്ലേ ഈ “സീയോൻ്റെ” അവകാശവാദങ്ങൾ? തിരുവചനത്തിലെ “സീയോൻ” എന്ന സകല പരാമർശങ്ങളും തങ്ങളുടെ പ്രവർത്തനത്തിൻ്റെ മികവിനുവേണ്ടി “ആത്മീക സീയോനാക്കുന്നവർ“ യെശയ്യാവ് 33:14; 1:8; 3:16-26; 10:24; 49:14; 52:2; 64:10; ഭാഗങ്ങളിലെ “മലിനമാക്കപ്പെട്ട സീയോൻ” തങ്ങളാണെന്ന് സമ്മതിക്കുമോ?
ദൈവമക്കളെ വഴിതെറ്റിക്കുന്ന അവരുടെ തെറ്റായ രീതികൾ ഗ്രഹിക്കാൻ ഞാൻ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു. ജനങ്ങളുടെ ഹൃദയത്തെ പരിശോധിക്കുന്നതിനായി ദൈവം ദർശനങ്ങളും അടയാളങ്ങളും ഉപയോഗിക്കുന്നുവെന്ന് അവർ തിരിച്ചറിയുമോ? ഞാൻ മനസ്സിലാക്കിയിടത്തോളം ടിപിഎം ആവർത്തനപുസ്തകം 13: 1-6 ൽ കൊടുത്തിരിക്കുന്ന മാനദണ്ഡങ്ങൾ ഉപേക്ഷിക്കുന്നതായി കാണുന്നു. ടിപിഎമ്മിലെ ജനങ്ങൾ കർത്താവിൽ നിന്ന് അകന്നുപോയി അന്യദൈവങ്ങളെ (അവരുടെ വിളിക്കപ്പെടുന്ന വിശുദ്ധർ) പിൻതുടർന്നിരിക്കുന്നു.
“സീയോനെ”ന്നു കാണുന്ന എല്ലാ പരാമർശങ്ങളെയും തങ്ങളെയും തങ്ങളുടെ സുവിശേഷ പ്രവർത്തനങ്ങളുടെ മികവിനെയും കാണിക്കുന്നതിന് എല്ലാ വാഖ്യങ്ങൾക്കുമുള്ള ചരിത്രപരവും പ്രവചനപരവും ഉപദേശപരവുമായ അർത്ഥങ്ങൾ ഒഴിവാക്കി പ്രസംഗം പൊടി പൊടിക്കുന്നവർ ദയവായി വെളിപ്പാട് 22:18-21 വരെ എഴുതിയിട്ടുള്ളത് ഒരു പ്രാവശ്യമെങ്കിലും ഓർത്തിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു. നിങ്ങളുടെ സ്വന്തം ശുശ്രൂഷയുടെ മഹനീയതയെക്കുറിച്ച് ലജ്ജയില്ലാതെ പറയുന്നത് നിറുത്തുക. നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിക്കട്ടെ.
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
.